Friday, June 12, 2020

ഓർമ്മകൾ ഉണ്ടായിരിക്കണം!

അന്ന് ...
തലസ്ഥാന നഗരിയിലെ 'ചൂട് റൊട്ടി' എന്ന പ്രമുഖ കുത്തക ബേക്കറി ശൃംഖലയിൽ നിന്നും ബേക്കിംഗ് രഹസ്യങ്ങൾ പഠിച്ചു. പിന്നീട് സ്വന്തം മരുമോനേ പോലെ തന്നേ സ്നേഹിച്ച ഗുരുവിന്റെ കണ്ണിൽ കുരുമുളകും, അതിനു മുകളിൽ ഐസിങ്ങും തേച്ചു പിടിപ്പിച്ചു... ധൃതരാഷ്ട്രരേ പോലെ കണ്ണ് കാണാതെ നിസ്സഹായനായി നിന്ന ഗുരുവിനെ പഫ്സിന്റെ ട്രേയിൽ ഇരുത്തി അവൻ ഓടി ഒളിച്ചു.

പിന്നീട് നമ്മള്‍ അവനെ കണ്ടു - ലുലുവിന്റെ ശീതികരിച്ച അകത്തളങ്ങളില്‍ ശുഭ്രവസ്ത്രം കൊണ്ട് പാപക്കറ മറച്ചു നിറപുഞ്ചിരിയോടെ നില്‍ക്കുന്ന മുനിയാണ്ടി. അവന്‍ ഉണ്ടാക്കുന്ന കേക്ക് വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന യുവതികള്‍. കേക്കിനൊപ്പം അവൻ കൊടുക്കുന്ന ടിഷ്യൂ പേപ്പർ ഞങ്ങൾ വാങ്ങിയ കേക്കിനൊപ്പം തന്നില്ല. ചോദിച്ചപ്പോൾ അവൻ പറഞ്ഞു 'എന്റെ നമ്പർ നിങ്ങൾക്ക് അറിയാമല്ലോ'.





ഇന്ന്...
സ്വപ്നങ്ങളും പ്രതീക്ഷകളും ആവോളം തന്ന് ജനുവരി മാസം കലണ്ടറിന്റെ മറുവശത്തേക്കു തുള്ളിച്ചാടി പോയി. പിന്നാലെ ഫെബ്രുവരി വന്നു... അതിന്റെ പിന്നാലെ മുനിയാണ്ടി കേരളത്തിൽ വന്നു... അതിന്റെ പിന്നാലെ കൊറോണ കേരളത്തിൽ വന്നു... പിന്നെ ഫ്ളൈറ് ഒന്നും കേരളത്തിലേക്ക് വന്നില്ല; ഫ്ളൈറ് ഒന്നും കേരളത്തിൽ നിന്നും പോയില്ല. മുനിയാണ്ടി പെട്ടു!

പട്ടങ്ങാട്ടു റോഡരികിൽ അവൻ സ്ഥലം വാങ്ങി. ആ സ്ഥലത്ത് അവൻ കലക്കൻ ഒരു വീട് വച്ചു. വീടിന്റെ പാലുകാച്ചു നടന്നു... താമസവും തുടങ്ങി.
തീയതി കഴിഞ്ഞ എയർ ടിക്കറ്റ് നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൻ പുത്തൻ വീടിന്റെ വരാന്തയിൽ സംഭാരം കുടിച്ചുകൊണ്ടിരുന്നു. സംഭാരത്തിന്റെ ഒഴിഞ്ഞ ഗ്ലാസ്‌ റോക്കി പൂച്ച നക്കി. റോക്കി പൂച്ച മുനിയാണ്ടിയുടെ അമ്മയുടെ അടുത്തേക്ക് ആടി ആടി ചെന്നു. 'ഈ പൂച്ച എന്താ ഇങ്ങനെ നടക്കുന്നത്?' അമ്മ ചോദിച്ചു. 'സംഭാരത്തിന്റെ ഗ്ലാസ്‌ നക്കി കാണും' ഒഴിഞ്ഞ വോഡ്ക കുപ്പി ജനാല വഴി പുറത്തേക്ക് എറിഞ്ഞു കൊണ്ട് മുനിയാണ്ടി പറഞ്ഞു. 

ഒരു തിങ്കളാഴ്ച് ദിവസം രാവിലെ മുഖ്യമന്ത്രി അവന്റെ വീട്ടില്‍ വന്ന് 5000 രൂപ കയ്യിൽ വച്ചു കൊടുത്തു. 'തിരികെ പോകാൻ പറ്റാത്ത പ്രവാസികൾക്കുള്ള സമാശ്വാസം ആണ്.' അവൻ മുഖ്യമന്ത്രിയെ തൊഴുതു. പോകാൻ ഇറങ്ങിയ മുഖ്യമന്ത്രിയെ അവൻ പിന്നിൽ നിന്നും വിളിച്ചു 'സാർ,... ഇനി എന്ന് വരും?' 'മര്യാദ വേണം!' മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.

കിട്ടിയ അയ്യായിരം രൂപ കൊണ്ട് അവൻ ചെങ്ങന്നൂര് പോയി ഒരു മേശയും ഒരു ബാർ സ്റ്റൂളും വാങ്ങി. പട്ടങ്ങാട്ടെ പുത്തൻ വീട്ടിലേക്കു തിരികെ പോകും വഴി ദുബായിലെ അഭിനിവേശിന്റെ ഭാര്യ മേരിയെ കണ്ടു.  നാട്ടിൽ തിരികെ വന്നത് മുതൽ ഉള്ള വിശേഷങ്ങൾ അവൻ മേരിയോട് പറഞ്ഞു.

മുനിയാണ്ടി പട്ടങ്ങാട് ലക്ഷ്യമാക്കി നടന്നു.
വീട്ടിലേക്കു നടന്ന മേരിയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അലയടിച്ചു:
മുനിയാണ്ടി നാട്ടിൽ വന്ന വിവരം എന്ത് കൊണ്ട് ചങ്ക് കൂട്ടുകാരോട് പറഞ്ഞില്ല?
മുനിയാണ്ടി എന്തുകൊണ്ട് പുത്തൻ വീട് വച്ച വിവരം ചങ്ക് കൂട്ടുകാരോട് പറഞ്ഞില്ല?
മുനിയാണ്ടി എന്തുകൊണ്ട് പാല് കാച്ചിയ വിവരം ചങ്ക് കൂട്ടുകാരോട് പറഞ്ഞില്ല?
മുനിയാണ്ടി ഇതിനു മുൻപ് പാല് കാച്ചിയിട്ടുണ്ടോ?
മുനിയാണ്ടി എന്തിനു പട്ടങ്ങാട്ടു പോയി?
Related Posts Plugin for WordPress, Blogger...