മണിക്കൂറുകള്‍ നീണ്ട സുഹൃദ് സംഗമം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകള്‍ക്കൊടുവില്‍ മറ്റൊരു യാത്ര പറച്ചിലിന് നേരമായി. വീണ്ടും കാണാമെന്ന ഉറപ്പോടെ ആ കൂട്ടുകാര്‍ കൈ വീശി പിരിഞ്ഞു. ഓരോരുത്തരായി ആ കലാലയ മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി. ഏറ്റവും ഒടുവില്‍ സ്നേഹയും സണ്ണിയും ജിതുവും അടങ്ങുന്ന സംഘം ഗേടിനരികില്‍ എത്തി. നിറഞ്ഞ കണ്ണുകളോടെ അവര്‍ പരസ്പരം യാത്ര പറഞ്ഞു. ഒരിക്കല്‍ കൂടി തങ്ങളുടെ കലാലയതോട് യാത്ര പറയാന്‍ തിരിഞ്ഞ അവര്‍ കണ്ടു അവരുടെ നേരെ മെല്ലെ നടന്നു വരുന്ന ശ്യാം.
“നീ എവിടാരുന്നു?” ജീവന്‍ ചോദിച്ചു.
“നിങ്ങള്‍ പൊയ്ക്കൊള്, ഞാന്‍ ഇപ്പോള്‍ പോകുന്നില്ല” ശ്യാമിന്റെ മറുപടി.
എല്ലാവരും ശ്യാമിന് കൈ വീശി യാത്ര പറഞ്ഞു നീങ്ങി.
ആളൊഴിഞ്ഞ അരങ്ങില്‍ ശ്യാം മാത്രം. പിന്നില്‍ നിസ്സംഗതയോടെ അവരുടെ പ്രിയപെട്ട കലാലയം. സന്ധ്യ സമയത്തെ ഇളം കാറ്റും മങ്ങിയ വെട്ടവും കാന്‍വാസില്‍ വരച്ച ഒരു എണ്ണച്ചായ ചിത്രം പോലെ തോന്നിച്ചു.
അവന്റെ ജീവിതം തന്നെ മാറി മറിച്ച കലാലയം. നിത്യ ജീവിതത്തില്‍ ആവശ്യമില്ലാത്ത ശാസ്ത്രവും ഗണിതവും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കലാലയം. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ പകുതി മനസ്സോടെ ഈ കലാലയ വാതില്‍ കടന്നു വന്ന ആ ദിവസം അവന്റെ മനസ്സില്‍ ഓടി എത്തി. വിശാലമായ കാമ്പസും, നീണ്ട ഇടനാഴികളും, കൂറ്റന്‍ തണല്‍ വൃക്ഷങ്ങളും സ്വപ്നം കണ്ടു വന്ന അവനെ വരവേറ്റത് നാടന്‍ പള്ളിക്കൂടം പോലെ ഉള്ള ഒരു അന്തരീക്ഷമാണ്. നാല് ചെറിയ കെട്ടിടങ്ങള്‍ അടങ്ങുന്ന ഒരു കലാലയം. അവിടെ തുടങ്ങി അവന്റെ മനസ്സിന്റെ ചാഞ്ചാട്ടം.
ആദ്യ ദിനം പ്രിന്സിപ്പാല്‍ ക്ലാസ്സില്‍ ഒരു ചെറു പ്രഭാഷണം നടത്തി. “ നിങ്ങള്‍ ഓരോരുത്തരും പത്താം ക്ലാസ്സില്‍ സെകന്റ് ക്ലാസ്സും ഫസ്റ്റ് ക്ലാസ്സും ഒകെ നേടി എത്തിയവരാണ്. പക്ഷെ നിങളില്‍ പകുതി പേര്‍ പോലും പ്രീ ഡിഗ്രീ പാസ്സകില്ല.... വിശ്വസിക്കാന്‍ ബുധിമുട്ടുണ്ടാല്ലേ? ഞാന്‍ ഇത്ര നാളത്തെ അനുഭവത്തില്‍ നിന്നുമാണ് പറയുന്നത്. നിങ്ങളുടെ ശ്രദ്ധ ഇനി മറ്റു പല കാര്യങ്ങളിലേക്കും തിരിയും. നിങ്ങളെ ആകര്‍ഷിക്കുന്ന പല കാര്യംങ്ങളും ഉണ്ടാകും. അതെല്ലാം മറികടക്കുന്നവര്‍ക്ക് മാത്രമേ ഇത് വരെ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ പറ്റൂ. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ ഓര്‍ത്തു വച്ചോളൂ. ഒരിക്കല്‍ നിങ്ങള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കും.”. എന്തോ, ഇന്നും വെറുതെ ഇരിക്കുമ്പോള്‍ ആ വാക്കുകള്‍ അവന്റെ കാതില്‍ മുഴങ്ങും.
രണ്ടു കൊല്ലം ഒരു മായാ വലയതിലായിരുന്നു ശ്യാം. എന്തെന്നോ ഏതെന്നോ എവിടെക്കെന്നോ അറിയാതെ ഉള്ള യാത്ര. പ്രശ്നങ്ങളും പ്രയാസങ്ങളും അവന്‍ മറന്നു. യാധാര്‍ധയങ്ങള്‍ അവന്‍ കണ്ടില്ലെന്നു നടിച്ചു. കൂട്ടുകാര്‍ അരികില്‍ ഇല്ലാത്ത നേരങ്ങള്‍ അവന്‍ ഭയപ്പെട്ടു. രണ്ടു കൊല്ലാതെ കലാലയ ജീവിതത്തിനു ശേഷം പരീക്ഷ പോലും എഴുതാതെ ഇത് പോലെ ഈ പടികള്‍ ഇറങ്ങിയതാണ്. ശൂന്യമായ മനസ്സുമായി ലക്ഷ്യബോധമില്ലാത്ത ഒരു യാത്ര അന്ന് തുടങ്ങി. പിന്നെ നാല് കൊല്ലം വനവാസം. ആരുമായും സംബര്‍ക്കമില്ലാതെ, നഷ്ടപ്പെട്ട് പോയ സമയത്തെ എത്തി പിടിക്കാനുള്ള നിശ്ശബ്ദ്ദമായ ഒരു നെട്ടോട്ടം. ആരും കൂട്ടിനില്ലാതെ, ആരും വഴി കാട്ടാനില്ലാതെ ഒരു സഞ്ചാരം. അതൊരു ബ്ലാക്ക് & വൈറ്റ് കാലഖട്ടമായിരുന്നു. നിറങ്ങള്‍ അന്യമായിരുന്ന കാലം. ഇന്നും ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കാലം.
സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ അവന്‍ യാത്ര തുടര്‍ന്നു. മെല്ലെ മെല്ലെ അവന്‍ തിരഞ്ഞെടുത്ത വഴി തെട്ടിയിട്ടില്ലെന്നു മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായി. ആകാംക്ഷയോടെ അവന്റെ ചെയ്തികളെ നോക്കിയിരുന്നവരുടെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം വീണു തുടങ്ങി.
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ കലാലയ മുറ്റത്ത് ഒരു കൂടി ചേരല്‍. ഓര്‍മ്മകള്‍ തേച്ചു മിനുക്കി ഒരു ദിനം എല്ലാവരും ഒന്നിച്ച്. ഇന്ന് അവന്‍ തിരിച്ചറിയുന്നു - കടന്നു വന്ന വഴിയില്‍ എന്തെല്ലാമോ ആയിരുന്നു അവന് ആ കലാലയം. ഇന്നും. ചില ഓര്‍മ്മകള്‍ക്ക് എന്നും ചെറുപ്പമായിരിക്കും; കാലം വെള്ളി നര വീഴ്ത്താത ചെറുപ്പം.
മുഖത്ത് പതിച്ച വെള്ളത്തുള്ളികള്‍ അവനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. അകലെ ഇടി മുഴങ്ങുന്ന ശബ്ദം. മഴ മേഘങ്ങള്‍ നിറഞ് ഇരുണ്ട മാനം. ആ ഇരുണ്ട് സന്ധ്യയില്‍ അവനെ നോക്കി ആ കലാലയ മുത്തശ്ശി ചോദിക്കുന്നത് പോലെ തോന്നി “നിനക്കെന്നോട് പരിഭവം ഉണ്ടോ?”. ഗേറ്റിന്റെ അഴികളില പിടിച്ചു അവന്‍ മെല്ലെ പറഞ്ഞു “ഇല്ല,.. ഇഷ്ടപ്പെട്ടു പോയി, ഒരുപാട്”